ജനകീയ മുന്നേറ്റം

സ്വാതന്ത്രാനന്തര ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും ജനകീയവും പുരോഗമനപരവുമായ ഒരു മുന്നേറ്റമാണ്  ഇന്ദ്രപ്രസ്ഥത്തില്‍ നടന്നത് .

അതൊരു കൊടുങ്കാറ്റ് ആയി ഭാരതത്തിന്റെ മുക്കിലും മൂലയിലെക്കും വ്യാപിക്കുകയാണ് .

മെലിഞ്ഞു കൃശഗാത്രനായ ഒരു ചെറിയ മനുഷ്യനാണ് ആ മുന്നേറ്റത്തെ നയിക്കുന്നത് .

അരവിന്ദ് കേജ്രിവാള്‍ !

നാളെ ചരിത്രം തങ്കലിപികളില്‍ രേഖപെടുത്താന്‍ പോകുന്ന പേരാണിത് .ഈ മുന്നേറ്റം വിജയിക്കുമോ പരാജയപെടുമോ എന്ന കാര്യം നമുക്ക് കാലത്തിനു വിട്ടു കൊടുക്കാം.

എന്നാല്‍  അരവിന്ദ് കേജ്രിവാലിന്റെ പരാജയം അദ്ദേഹത്തിന്റെ പരാജയമായിരിക്കില്ല ,മറിച്ച്  കോര്‍പ്പറേറ്റ്  ഭീമന്മാരുടെ ലാഭകൊതിക്കു  മുന്നില്‍ പണയം വെക്കപെട്ട നൂറ്റി ഇരുപതു കോടി ഭാരതീയരുടെ നിറമുള്ള സ്വപ്നങ്ങളുടെ  കൂടി പരാജയമായിരിക്കും .

അരവിന്ദ് കേജ്രിവാള്‍ നടക്കുന്ന വഴികളില്‍ ആരൊക്കയോ പാത്തിരുന്നു കല്ലെറിയുന്നു ,തുടര്‍ച്ചയായി അയാള്‍ക്ക് മര്‍ദനം ഏല്ക്കുന്നു ,കൂടെ നടക്കുന്ന യോഗേന്ദ്ര യാദവിന്റെ മുഖത്തു മഷി ഒഴിക്കുന്നു ,പ്രശാന്ത്‌ ഭൂഷനെ തടയുന്നു ,കയ്യേറ്റം ചെയ്യുന്നു ,യോഗങ്ങള്‍ അലങ്കോലമാക്കുന്നു ..

ഇതെല്ലാം തെളിയിക്കുന്നത് ഈ ആം ആദ്മി സംഘം ശരിയായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്  എന്നല്ലാതെ മറ്റൊന്നുമല്ല  .ലക്ഷം കോടി കട്ടവര്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുമ്പോള്‍ ,ജനങ്ങളുടെ ആശയ അഭിലാഷങ്ങള്‍ക്ക് ഒപ്പം നിന്നവര്‍ കല്ലെറിയപെടുന്നത് എങ്ങനെയാണ് .ഈ സാധാരണക്കാരെ ആരൊക്കെയാണ് ഭയക്കുന്നത് ?

49 ദിവസം മാത്രം നീണ്ട ഡല്‍ഹി മുഖ്യമന്ത്രി പദം ,അരവിന്ദ് ഒഴിഞ്ഞ രീതി തീര്‍ച്ചയായും എനിക്ക് സ്വീകാര്യമായ ഒന്നല്ല .അവിടെ അദേഹത്തിന് കൂടുതല്‍ ചെയ്യാന്‍ ഉണ്ടായിരുന്നു .എന്നാല്‍ തന്നെയും അധികാരത്തിന്റെ ദിവസങ്ങളില്‍ ആധുനിക കാലത്ത്  ഒരു ഇടതുപക്ഷത്തിനു പോലും പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ജനകീയ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു .കോര്‍പ്പറേറ്റ് ഭീമന്മാരെ പിടിച്ചു കുലുക്കി .

ഇപ്പോള്‍ നരേന്ദ്രമോഡിക്ക് എതിരെ വാരണാസിയില്‍ അരവിന്ദും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയും മത്സരിക്കുകയാണ് .വര്‍ഗീയതക്കെതിരായ സാധാരണക്കാരന്റെ പോരാട്ടമായി അത് ചിത്രീകരിക്കപെടുന്നുണ്ട് .

രാജ്യം മുഴുവന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും ,മാധ്യമങ്ങളിലൂടെ വമ്പന്‍ പരസ്യങ്ങള്‍ നല്‍കിയും ,പ്രചാരണ കോലാഹലങ്ങള്‍ ഉയര്‍ത്തിയും വികസനത്തിന്റെ പൊള്ളയായ  സ്വപ്‌നങ്ങള്‍ നല്‍കിയും ഈ നാടിന്‍റെ മനസാക്ഷിയെ വിലയ്ക്ക് എടുക്കാന്‍ കഴിയുമോ എന്ന് ഒരു കൂട്ടര്‍ പരീക്ഷിക്കുമ്പോള്‍ ,

അതിനിടയിലൂടെ കടന്നു വരുന്ന ഈ ചെറിയ മനുഷ്യനെ നിങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയുന്നില്ല എങ്കില്‍ ,അയാള്‍ ചില സന്ദേശങ്ങള്‍ നിങ്ങളിലും പകരുന്നുണ്ട് .

ആ മനുഷ്യപക്ഷത്തിനൊപ്പം നടന്നില്ലെങ്കിലും ആ ജനകീയ മുന്നേറ്റത്തെ അവഗണിക്കാതിരിക്കാനുള്ള ജാഗ്രത കാലം നമ്മോടു ആവശ്യപെടുന്നുണ്ട്

One thought on “ജനകീയ മുന്നേറ്റം

Leave a comment