മലപ്പുറം  പച്ച 

  ഉപതെരഞ്ഞെടുപ്പു റിസൽട്ട്‌ വന്നു. കുഞ്ഞാപ്പ തന്നെ.ഭൂരിപക്ഷം അഹമ്മദിനേക്കാൾ ഇച്ചിരി താഴും.

ഇ.അഹമ്മദ്‌ ഒഴുകിയ വിയർപ്പിനേക്കാൾ ഒഴുക്കിയിട്ടും കുഞ്ഞാപ്പയ്‌ക്ക്‌  ഭൂരിപക്ഷം കുറഞ്ഞതിന്‌ ഒരു കാരണമുണ്ട്‌.

കഴിഞ്ഞ തവണ ഇ.അഹമ്മദിന്‌ എതിരാളി സഖാവ്‌ .സൈനബയായിരുന്നു.തട്ടമിടാത്ത മുസ്‌ലീം സ്‌ത്രീ എന്ന പ്രചരണമാണ്‌ ലീഗ്‌ അന്ന്‌ ഇളക്കി വിട്ടത്‌.

യാഥാസ്‌ഥിതിക മുസ്‌ലീം സമൂഹം അത്‌ ഏറ്റെടുത്തതാണ്‌ രണ്ടു ലക്ഷത്തിനു താഴെ അഹമ്മദിന്‌ ഭൂരിപക്ഷമെത്തിച്ചത്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു വനിതയെപ്പോലും മത്‌സരിപ്പിക്കാത്ത മുസ്‌ലീം ലീഗ്‌,അഹമ്മദിന്റെ മകൾ മത്‌സരിക്കാൻ താല്‌പര്യം കാണിച്ചപ്പോഴും ഇടഞ്ഞു നിന്നു.

കാരണം മതം തന്നെ.

ലീഗ്‌ സ്‌ത്രീകളെ മത്‌സരിപ്പിക്കുന്നതിന്‌ എതിരാണത്രേ.

വനിതാ ലീഗ്‌ എന്ന വിഭാഗമുണ്ട്‌.എന്നാലതിന്റെ യോഗത്തിൽ ചെന്നാൽ വേദി നിറയെ പുരുഷൻമാരെ മാത്രമേ കാണൂ.

എന്നാലും മുസ്‌ലീം ലീഗിനെ വർഗീയ കക്ഷി എന്നു വിളിക്കരുതെന്നാണ്‌ അവർ പറയുന്നത്‌.

ഒരു മത നേതാവ്‌ നയിക്കുന്ന,ഏതാണ്ട്‌ അംഗങ്ങൾ മുഴുവൻ മുസ്‌ലീങ്ങളായ,ഒരു ആത്‌മീയ നേതാവിനാൽ നയിക്കപ്പെടുന്ന,എന്തിന്‌ പേരു തന്നെ മുസ്‌ലീം ലീഗ്‌ എന്നായ കക്ഷിയെ വർഗീയ പാർട്ടി എന്നല്ലാതെ എന്തു വിളിക്കും.

ആ പാർട്ടിയിൽ മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന അണികൾ ഉണ്ടെങ്കിലും മലപ്പുറത്തിന്റെ പച്ച ,മതത്തിന്റെ പച്ച തന്നെയാണ്‌

Advertisements

ഒരു സ്‌ത്രീ കൂടി…

ഒരു പെൺകുട്ടി കൂടി അപമാനിതയായിരിക്കുന്നു.അവളൊരു പ്രശസ്‌ത ചലച്ചിത്രതാരം കൂടിയായതിനാൽ മസാല അല്‌പമധികം ചേർത്ത്‌ മാധ്യമങ്ങൾ ഇക്കിളിക്കൂട്ടൊരുക്കുകയാണ്‌.ജനതയുടെ ആത്‌മാവിഷ്‌ക്കാരമായ പുരോഗമനചാനലായിരുന്നു മുന്നിൽ.അക്രമിക്കപ്പെട്ട പെൺകുട്ടിയെ വീണ്ടും വെട്ടിക്കൂട്ടുന്ന മട്ടിൽ ആഭാസത്തരമാണ്‌ ബ്രേക്കിംഗ്‌ ന്യൂസായി പടച്ചു വിട്ടു കൊണ്ടിരുന്നത്‌.സോഷ്യൽ മീഡിയിൽ വൻ പ്രതിഷേധമുയരുകയും നടി റിമ കല്ലിങ്കൽ ,ജോൺ ബ്രിട്ടാസിനെ പച്ചതെറി വിളിച്ച്‌ ചാനലിൽ നടക്കുന്നതെന്താണെന്ന്‌ അറിയില്ലെങ്കിൽ രാജി വെച്ച്‌ പോകാൻ പറഞ്ഞതോടെയാണ്‌ കൈരളി മാപ്പു പറഞ്ഞ്‌ തടി തപ്പിയത്‌.തങ്ങളിൽ ഒരുവൾ അപമാനിക്കപ്പെട്ട വാർത്തയിൽ തപ്പിതടഞ്ഞു വന്നാണ്‌ അമ്മ വൈകി പ്രതികരിച്ചതും.

ഏഴു കുറ്റവാളികളിൽ പൾസർ സുനി അടക്കമുള്ളവർ പിടിയിലായി കഴിഞ്ഞു.അക്രമത്തിനു പിന്നിലെ ഉന്നതബന്‌ധമടക്കം പറഞ്ഞുകേട്ട കഥകളിലൊന്നും കാര്യമില്ലെന്നാണ്‌ പോലീസ്‌ ഇപ്പോൾ പറയുന്നത്.

പ്രശസ്‌ത നടിയ്‌ക്ക്‌ സംഭവിച്ച ദുരനുഭവത്തിൽ കേരളം മുഴുവൻ വേദനിച്ചു..ഇടതുപക്ഷസർക്കാരും ആഭ്യന്തരവകുപ്പും പ്രതിരോധത്തിലായി.സ്‌ത്രീ സുരക്ഷയായിരുന്നുവല്ലോ അവരുടെ പ്രധാനമുദ്രാവാക്യം.

പ്രതികളിൽ നിന്ന്‌ മനസ്സിലാകുന്നത്‌ അവരിതിനുമുമ്പും ഇത്തരത്തിൽ ബ്ലാക്ക്‌മെയിലിംഗ്‌ നടത്തിയിട്ടുണ്ട്‌ എന്നാണ്‌.നാണക്കേടോർത്ത്‌ ആരും പരാതി നൽകാത്തതാണ്‌ കുറ്റവാളികൾക്ക്‌ ഊർജ്ജം പകരുന്നത്‌.

ക്വട്ടേഷൻ എന്ന വാക്ക്‌ കേരളത്തിൽ ഇന്ന്‌ മാന്യതയുള്ളതായിരിക്കുന്നു.പല ചലച്ചിത്രതാരങ്ങളും സെക്യൂരിറ്റി എന്നപേരിൽ ഗുണ്ടകളെ കൊണ്ടു നടക്കുന്നുണ്ട്‌,വളർത്തുന്നുണ്ട്‌.ഒരു പരിധി വിടുമ്പോൾ, തങ്ങളുടെ പരിചയ പരിധി വിപുലപ്പെടുത്തുന്ന ഇവർ തനി നിറം പുറത്തെടുക്കുകയും ചെയ്യും.ക്വട്ടേഷൻ സംഘങ്ങളെ രാഷ്‌ട്രീയക്കാർക്കും വേണം.

ഇപ്പോൾ നടക്കുന്ന ഗുണ്ടാവേട്ടകളും മാധ്യമശ്രദ്‌ധയും ജനരോഷവും തണുക്കുന്നതോടെ കാര്യങ്ങൾ വീണ്ടും കോൾഡ്‌ സറ്റോറോജിലാകാനാണ്‌ മുഴുവൻ സാധ്യതയും.

കേരളത്തിലെ സ്‌ത്രീസുരക്ഷയ്‌ക്കു വേണ്ടി സ്‌ത്രീകൾ തന്നെ മുന്നിട്ടിറങ്ങുകയും പ്രതിരോധം തീർക്കുകയും ചെയ്‌താലേ മതിയാകൂ

ശരിയാകാത്ത ചിത്രങ്ങൾ

വലിയ മൗനം വഴിക്ക്‌ കുറുകെ വീണു കിടക്കുന്നു.

അല്ലെങ്കിലുംവായടച്ച്‌ മിണ്ടാതിരിക്കുന്നതാണ്‌ ബുദ്ധി.

 ചർച്ച തമിഴന്റെ ജനാധിപത്യ വിരുദ്ധതയെ ക്കുറിച്ചാണെങ്കിൽ എനിക്ക്‌ കുറച്ച്‌ കൂടി സമയം അനുവദിക്കണം

തെരുവിലെ രക്‌തവും നിലവിളിയും പഴകി പോയിരിക്കുന്നു.നാളെ ഹർത്താൽ നടത്താൻ എറണാകുളം ജില്ലയ്‌ക്ക്‌ ഒഴിവു കാണുമോ

അപമാനിക്കപ്പെട്ടവൾ ചത്തു കിട്ടിയിരുന്നെങ്കിൽ മെഴുകുതിരി കത്തിച്ചും ഹാഷ്‌ടാഗിട്ടും പ്രചരണം നടത്താമായിരുന്നു.

വിരലുകൊണ്ടു പോറിയാൽ തെളിയുന്ന റീചാർജ്ജ്‌ കൂപ്പണിലെ അക്കങ്ങളേക്കാൾ മൃദുവായിരിക്കുന്നു,മിനുത്ത തുണിക്കടിയിലെ ജാതിഭ്രാന്ത്‌.  പച്ചയ്‌ക്ക്‌ ഉളുപ്പില്ലാതെ പറയാൻ ഇവിടെയും ആളെ കിട്ടുന്നുണ്ട്‌.വർഗീയ വാദിയാകാൻ പുസ്‌തകം വായിക്കേണ്ടതില്ല എന്നതിന്റെ ഗുണം

ചൂടുകാറ്റ്‌ അവസാനത്തെ നനവും നക്കി, ചിറി തുടയ്‌ക്കുമ്പോഴുംഞാൻ മണ്ണു ലോറിക്ക്‌ എസ്‌ക്കോർട്ട്‌ പോവുകയാണ്‌.

തെരുവിൽ കോലാഹലം

സ്വാശ്രയ ഇടിമുറിയിൽ ചോരതുപ്പി ചത്തവന്റെ മുന്നിൽ നിന്ന്‌,മാനേജ്‌മെന്റുകൾക്ക്‌ വേണ്ടി ഒടുക്കത്തെ വാദം

.എല്ലാം ശരിയാകുമെന്ന ചുമരെഴുത്തിലെ നിറമിളകും മുമ്പ്‌ കല്യാൺ സിൽക്കിൽ ചെന്ന്‌ നമ്മുടെ ഇന്നത്തെ ഇടി ഇരന്നു വാങ്ങാം 

  ഇരുട്ടല്ലോ സുഖപ്രദം

തമിഴിലെ അസംബന്‌ധ രാഷ്‌ട്രീയം

 1. ആഴ്‌ചകൾ നീണ്ട തമിഴ്‌ അസംബന്‌ധ രാഷ്‌ട്രീയ നാടകങ്ങൾ തീർന്നു എന്നു തീർത്തു പറയാറായിട്ടില്ലെങ്കിലും ഏറെക്കുറെ ചില വ്യക്‌തതകളൊക്കെ വന്നു ചേർന്നിട്ടുണ്ട്‌.
  രണ്ടുദിനം മുമ്പു വരെ
  മുഖ്യമന്ത്രിപദത്തിനായി കരുക്കൾ നീക്കിയ ശശികല ഇന്ന്‌ ജയിലിലാണ്‌.നാലു വർഷം തടവ്‌.പത്തു കോടി പിഴ.ഇനി പത്തു കൊല്ലത്തേക്ക്‌ തെരഞ്ഞെടുപ്പിൽ മത്‌സരിക്കാനുമാവില്ല.വല്ലാത്തൊരു ടൈമിംഗ്‌ ആണേ.പനീർസെൽവത്തെ രാജിവെപ്പിച്ച്‌ സുഗമമായി മുഖ്യമന്ത്രികസേരയിലേക്ക്‌ കയറാമെന്നായിരുന്നു കരുതിയത്‌.

  അപ്രതീക്ഷിതമായിരുന്നു ഓപിഎസ്സിന്റെ തിരിച്ചടി.കളിച്ചത്‌ കേന്ദ്രസർക്കാരായിരുന്നുവെങ്കിലും നാല്‌പതു മിനിട്ട്‌ ജയസമാധിയിൽ ചെന്നിരുന്ന പനീർസെൽവം തിരിച്ചു വന്നത്‌ അതു വരെ കണ്ട വിനീതവിധേയനായിആയിരുന്നില്‌ല.
  ശശികല നിർബന്‌ധിച്ച്‌ രാജി വെപ്പിച്ചതാണെന്നും ശശികലയെ അംഗീകരിക്കില്ലെന്നും വ്യക്‌തമാക്കി.
  ജനപിന്തുണയും ഓപിഎസ്സിനായിരുന്നു.പക്ഷേ ശശികല എംഎൽഎ മാരെ രാക്കുരാമാനം കടത്തി ഒരു റിസോർട്ടിൽ പാർപ്പിച്ചു.ഓരോ എംഎൽ എ യെ നോക്കാൻ നാലു വീതം ഗുണ്ടകളായിരുന്നു വത്രേ.പത്രവും ടിവിയും ഇല്ലെങ്കിലും തിന്നാനും കുടിക്കാനും മറ്റ്‌ എൻജോയ്‌മെന്റിനും യാതൊരു മുട്ടുമില്ല.
  അവിടെ പനീർസെൽവത്തിന്‌ അല്‌പം പിഴച്ചോ.പ്രതീക്ഷിച്ചതു പോലെ എംഎൽഎ മാരുടെ പിന്തുണ കിട്ടിയില്ല. കേന്ദ്രവും ഗവർണ്ണറും പരമാവധി സമയം നൽകിയിട്ടും പതിനൊന്ന്‌ പേരിലധികം പേർ പനീർസെൽവത്തിന്‌ കിട്ടിയില്ല.
  കാത്തിരുന്ന കോടതിവിധിയായിരുന്നു വന്നത്‌.അടി ശശികലയുടെ നെറുകംതലയിൽ തന്നെ കിട്ടുകയും ചെയ്‌തു.കളിച്ച നാടകവും പണവും പാഴായി.പോരാത്തതിന്‌ ജയിലും.പകരക്കാരനായി പളനിസ്വാമിയെ കണ്ടെത്തി ശശികല പക്ഷം അധികാരത്തിലേക്ക്‌ കയറുമ്പോൾ പനീർസെൽവവും ഇരുട്ടിലാവുകയാണ്‌.
  പതിനഞ്ചു ദിവസത്തിനുള്ളിൽ ഭൂരിപക്ഷം പളനിസ്വാമി നിയമസഭയിൽ തെളിയിക്കണം.ശശികലയുടെ മന്നാർഗുഡി മാഫിയയുടെ ബലത്തിൽ പളനിസ്വാമി വിജയിക്കുമായിരിക്കും.പക്ഷേ ആഴ്‌ചകളോളം നീണ്ട അസംബന്‌ധരാഷ്‌ട്രീയത്തിന്റെ തമിഴ്‌രൂപം നമ്മെ ഓർമ്മിപ്പിക്കുന്നത്‌ എതു നിമിഷവും അളിഞ്ഞു ദുഷിക്കാവുന്ന ഒരു പെരുംമന്ത് നമ്മുടെ കൊട്ടിഘോഷിക്കുന്ന ജനാധിപത്യത്തിനുണ്ട്‌ എന്നു തന്നെയാണ്‌.

കുത്തേണ്ടതെങ്ങനെ?

കുത്തുമ്പോൾ പിന്നിൽ നിന്നു തന്നെ കുത്തണം.ലോ അക്കാദമി സമരത്തിൽ എസ്‌എഫ്‌ഐ ചെയ്‌തതു പോലെ.
മാനേജ്‌മെന്റിനെതിരെ വിദ്യാർത്‌ഥികൾ ചെയ്‌ത സമരത്തിൽ അറച്ചറച്ചാണ്‌ എസ്‌എഫ്‌ഐ ക്കാർ എത്തിയതു തന്നെ.
അതും ബിജെപി, സമരം ഹൈജാക്കു ചെയ്യുമോ എന്ന്‌ ഭയന്ന്‌ …
വി.മുരളീധരന്റെ നിരാഹാര സമരത്തിൽ പതറി..
വി എസ്സ്‌ സമര പന്തലിലെത്തിയിട്ടും കോടിയേരി വന്നത്‌ വളരെ വൈകി.
ഒരു പാട്‌ ആരോപണങ്ങളുടെ കുന്തമുന പാർട്ടിക്കു നേരെ നീണ്ടിരുന്നു.
തുടക്കം മുതലേ ഒരു മെല്ലേപോക്ക്‌.
നാരായണൻ നായരുടെ സഹോദരൻ കോലിക്കോട്‌ കൃഷ്‌ണൻനായർ സംസ്‌ഥാനക്കമ്മറ്റി അംഗമാണല്ലോ.ലക്ഷ്‌മിനായരാകട്ടെ കൈരളിയുടെ ആസ്‌ഥാന പാചകവിദഗ്‌ദയും.
ഏതായാലും മാനേജ്‌മെന്റ്‌ വിളിച്ച ചർച്ചയ്‌ക്കൊപ്പം പോയിരുന്ന വിദ്യാർത്‌ഥികൾ ആദ്യം ഇറങ്ങിപ്പോയതായിരുന്നു.രാജി വെക്കില്ലെന്ന്‌ കട്ടായം നിൽക്കുന്ന പ്രിൻസിപ്പാളിന്റെ നിലപാടായിരുന്നു തടസ്സം.
ഇറങ്ങിപ്പോയവരെ വീണ്ടും വിളിച്ച്‌ ചർച്ച.ആവശ്യങ്ങൾ എഴുതി വാങ്ങൽ.
അതിനിടയിൽ എസ്‌ എഫ്‌ ഐ ഒഴികെയുള്ളവർ വീണ്ടും ഇറങ്ങിപ്പോയി.
പുറത്തു വന്നവർ ലക്ഷ്‌മിനായരുടെ രാജി ആവർത്തിച്ച്‌ ആവശ്യപ്പെടുമ്പോൾ അകത്ത്‌ sfi മാനേജ്‌മെന്റുമായി ഒത്തുതീർപ്പായി.
ലക്ഷ്‌മി നായർ രാജി വെക്കില്ല.പകരം അഞ്ചു വർഷത്തേക്ക്‌ മാറി നിൽക്കും.ഇക്കാലയളവിൽ ഫാക്കൽറ്റിയായി തുടരില്ല അടക്കം 17 വ്യവസ്‌ഥകൾ.
കയ്യോടെ പുറത്തു വന്ന്‌ ഏകപക്ഷീയമായി സമരം പിൻവലിക്കുകയും ചെയ്തു. കൂടെ സമരം ചെയ്‌തവരുമായി ആലോചിക്കുക എന്നത്‌ ഒരു സാമാന്യ മര്യാദ മാത്രമായിരുന്നു.അതുണ്ടായില്ല.
ഭരണപക്ഷത്തിന്റെ സ്വന്തക്കാർക്ക്‌ ഇനിയും അലോസരമുണ്ടാക്കാതിരിക്കാനായി തട്ടിക്കൂട്ടിയ ഒത്തുതീർപ്പും പിൻവാങ്ങലും.
മറ്റു വിദ്യാർത്‌ഥികൾ പക്ഷേ സമരം തുടരുകയാണ്‌.വിദ്യാർത്‌ഥികളെ
പരസ്‌പരം ഭിന്നിപ്പിച്ച്‌ മാനേജ്‌മെന്റിന്റെ ധാർഷ്‌ട്യത്തിന്‌ കുഴലൂതി സമരത്തെ പിന്നിൽ നിന്ന്‌ sfi കുത്തുകയായിരുന്നു എന്നു തന്നെയാണ്‌ ഈ എളിയ ഇടതുപക്ഷകാരനും കരുതുന്നത്‌

സ്വാശ്രയ ഇടിമുറികൾ

വിഷ്‌ണു പ്രണോയി എന്ന എഞ്ചിനീയറിംഗ്‌ വിദ്യാർത്‌ഥിയുടെ ആത്‌മഹത്യയും മരണത്തിനുമുമ്പ്‌ അവന്‌, താൻ പഠിച്ചിരുന്ന പാമ്പാടി നെഹ്‌റുകോളേജിൽ വെച്ച്‌ ക്രൂരമായ പീഢനമേറ്റിരുന്നുവെന്നു മുള്ള വാർത്തകൾ കേരളത്തിലെ സ്വാശ്രയകോളേജുകളിൽ വിദ്യാർത്‌ഥി സമൂഹം നേരിടുന്ന കൊടിയ മനുഷ്യാവകാശ ധ്വംസനത്തിന്റെ ആഴത്തേയും പരപ്പിനേയും കുറിച്ച്‌ കേരള സമൂഹത്തെ ശരിയായി ബോധിപ്പിക്കുകയുണ്ടായി.

അതെ തുടർന്ന്‌ ,സമാനമായ പീഡനങ്ങൾ ഏറ്റു വാങ്ങിയിരുന്ന മറ്റു സ്വാശ്രയകോളേജുകളിലെ വിദ്യാർത്‌ഥികളും തങ്ങളുടെ ദുരിതങ്ങൾ ധീരമായി തുറന്നു പറഞ്ഞു കൊണ്ട്‌ മാനേജ്‌മെന്റുകൾക്കെതിരായ നിലപാടു സ്വീകരിച്ചു.

അതിൽ ശ്രദ്ധേയമായത്‌ തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രിൻസിപ്പാളും പ്രശസ്‌ത പാചകവിദഗ്‌ദയുമായ പി. ലക്ഷ്‌മിനായർക്കെതിരായി അവിടുത്തെ വിദ്യാർത്‌ഥികൾ നടത്തിയ സമരമാണ്‌.

നെഹ്‌റു കോളേജിൽ എതിരുപറയുന്നവനെ ഇടിമുറിയിൽ കയറ്റി മർദ്ദിക്കുകയാണെങ്കിൽ ,ലോ അക്കാദമിയിൽ ജാതിയും വർണ്ണവും നോക്കി പ്രിൻസിപ്പാൾ നടത്തുന്ന മാനസികപീഡനമാണ്‌.തനിക്ക്‌ ഇഷ്‌ടമില്ലാത്തവരെ ഇന്റേണൽ മാർക്കും അറ്റൻഡൻസും കാണിച്ച്‌ വരുതിക്ക്‌ നിർത്തലാണ്‌.

ഒരു പ്രൈവറ്റ്‌ ലോക്കോളേജിന്‌ സർക്കാർ 11.49ഏക്കറോളം ഭൂമി പതിച്ചു നൽകിയതു തന്നെ കാലാകാലങ്ങളായുള്ള ലോ അക്കാദമി മാനേജ്‌മെന്റിന്റെ സ്വാധീനശക്‌തി വെളിപ്പെടുത്തുന്നതാണ്‌.

എല്ലാ രാഷ്‌ട്രീയപാർട്ടികളിലും പെട്ട നിരവധി നേതാക്കളാണ്‌ ഈ കോളേജിലൂടെ വക്കീൽ ബിരുദം നേടിയത്‌.ജുഡീഷറിയുടെ പ്രധാനകസേരകളിൽ ഇപ്പോഴും വിരാജിക്കുന്നവരുമുണ്ട്‌.അതുകൊണ്ടു തന്നെ തങ്ങൾക്ക്‌ പ്രിയങ്കരമായ ബഞ്ചിൽ നിന്നും അനുകൂലമായ വിധികൾ നേടേണ്ടത്‌ എങ്ങനെയെന്നും ലക്ഷ്‌മിനായർക്കും പിതാവ്‌ നാരായണൻനായർക്കും നല്ലവണ്ണം അറിയാം.സഹോദരൻ കോലിക്കോട്‌ കൃഷ്‌ണൻനായർ മുൻ എം എൽ എയും സിപിഎം സംസ്‌ഥാനകമ്മറ്റി അംഗവുമാണ്‌.ലോ അക്കാദമി ചെയർമാൻ അയ്യപ്പൻ പിള്ള ബിജെപി മുൻ വൈസ്‌പ്രസിഡന്റാണ്‌.
ചുരുക്കത്തിൽ സർക്കാരിൽ നിന്ന്‌ ചുളുവിൽ അടിച്ചെടുത്ത ഭൂമിയിൽ ഒരു ലോ അക്കാദമി പണിത്‌ ദുസ്വാധീനത്തിലൂടെ അത്‌ കുടുംബസ്വത്താക്കി ,നിയമങ്ങളും സാമാന്യ മര്യാദകളും മറന്ന്‌ ,അടക്കി ഭരിക്കുകയാണ്‌ ലക്ഷ്‌മിനായരും കൂട്ടരും.
അഹങ്കാരം തലയ്‌ക്ക്‌ പിടിച്ച പ്രിൻസിപ്പാൾ തന്റെ റസ്‌ന്റോറന്റിൽ പണിയെടുപ്പിക്കാൻ വിദ്യാർത്‌ഥികളെ നിയോഗിക്കുന്നതും,പെൺകുട്ടികളുടെ കുളിമുറിക്കടുത്തു വരെ സിസി ടിവി വെച്ചതും അസഭ്യവാക്കുകളോടെ ശകാരിക്കുകയും ചില വിദ്യാർത്‌ഥികളെ തിരഞ്ഞുപിടിച്ച്‌ ഇന്റേണൽ മാർക്ക്‌ വെട്ടികുറയ്‌ക്കുന്നതുമെല്ലാം പരാതിയായി സിൻഡിക്കേറ്റ്‌ ഉപസമിതി മുമ്പാകെ എത്തി.

പോരാത്തതിന്‌ പ്രിൻസിപ്പാളിന്റെ അഭാവത്തിൽ മകന്റെ കാമുകിയുടെ ഭരണവും.

എന്നാൽ ലക്ഷ്‌മിനായരെ 5വർഷത്തേക്ക്‌ പരീക്ഷാജോലിയിൽ നിന്നും ഡീബാർ ചെയ്‌തതിനപ്പുറം ,തീരുമാനം സർക്കാറിന്‌ വിട്ടൊഴിയുകയാണ്‌ സിണ്ടിക്കേറ്റ്‌ ചെയ്‌തത്‌.
പ്രിൻസിപ്പാളിന്റെ രാജിയിലുറച്ച്‌ വിദ്യാർത്‌ഥികളും രാജിയില്ലെന്ന്‌ ലക്ഷ്‌മിനായരും സമരത്തിന്റെ ഇരുപതാം ദിനവും കട്ടായം നിൽക്കുമ്പോൾ ഇനി സർക്കാർ നിലപാടാണ്‌ നിർണ്ണായകം.
അവധിയെടുത്ത്‌ പ്രിൻസിപ്പാൾ ഒളിച്ചു കടക്കുമോ എന്നറിയില്ല.
ബിജെപിയുടെ വി മുരളീധരന്റെ നിരാഹാരസമരം ഒരാഴ്‌ചയോട്‌ അടുക്കുന്നു.
ഫെബ്രുവരി 2ന്‌ വിസിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്‌.
എതായാലും ഇനിയും തീരുമാനം വൈകാതിരിക്കുന്നതാണ്‌ സർക്കാറിന്‌ നല്ലത്‌.അത്‌ വിദ്യാർത്‌ഥികൾക്ക്‌ അനുകൂലമായേ തീരൂ.
സ്വാശ്രയ ഇടിമുറികളിൽ ഇനിയാരും പിടഞ്ഞു മരിക്കാതിരിക്കാനുള്ള ജാഗ്രതയും സമൂഹത്തിന്‌ ഉണ്ടാകേണ്ടതുണ്ട്‌.

ഗാസയില്‍ നിന്നുള്ള നിലവിളികള്‍

മനുഷ്യത്തരഹിതമായ കൂട്ടകൊലയുടെ വാര്‍ത്തകള്‍ ആണ് ഗാസയില്‍ നിന്നും വരുന്നത്.

സൈനികമായി ശക്തമായ ഇസ്രയേല്‍ ,നിസ്സഹായമായ അയല്‍ ജനതയെ ഒന്നടങ്കം വെടിവെച്ചും മിസ്സൈല്‍ ഇട്ടും നശിപിച്ചു കൊണ്ടിരിക്കുന്നു .

ഇക്കഴിഞ്ഞ ആക്രമണങ്ങളില്‍ മാത്രം കൊല്ലപെട്ടത്‌ ആയിരങ്ങള്‍ .

ലോകം ഒന്നാം ലോക മഹായുദ്ധത്തിന്റെ നൂറാം വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ യുദ്ധം സൃഷ്ട്ടിക്കുന്ന മഹാ ദുരിതങ്ങളെ ,ഇനിയും തിരിച്ചറിയാത്തവരെ പോലെ നാം നിസ്സഹായത നടിക്കുന്നു.
ലീഗ് ഓഫ് നേഷന്‍സിന്റെ തകര്‍ച്ചയെകുറിച്ച് പഠിക്കുമ്പോള്‍ ,സമാന നിലയില്‍ നില്‍ക്കുന്ന ഐക്യ രാഷ്ട്ര സഭയെ കണ്ടില്ലെന്നു വരുത്തുന്നു.
ഇല്ലാത്ത രാസാ യുധങ്ങളുടെ പേരില്‍ ഇറാക്ക് എന്ന രാജ്യത്തെ തകര്‍ത്ത് ,അവിടം അശാന്തിയുടെ ,ഭീകരവാദത്തിന്റെ പറുദീസാ ആക്കി മാറ്റിയ അമേരിക്ക,ഇപ്പോഴത്തെ കൂട്ടകുരുതിക്ക് കൂട്ട് നില്‍ക്കുകയാണ്.

ഇസ്രായേലിനു എതിരെ ഒരു പ്രമേയം വന്നാല്‍ അവര്‍ ചാടി കേറി വീറ്റോ ചെയ്യും

.പല്ലിനു പകരം പല്ല് ,കണ്ണിനു പകരം കണ്ണ് എന്ന പ്രാകൃത നിയമത്തിനു ക്രിസ്തുവിനു അപ്പുറം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷവും ആ നാട്ടില്‍ മാറ്റമില്ല.

ഒരു കാലത്ത് ചിന്നി ചിതറി ,വിവിധ രാജ്യങ്ങളില്‍ ക്രൂരമായ പീഡനങ്ങള്‍ സഹിച്ച ജനസമൂഹമാണ് ജൂതര്‍.ഏതെങ്കിലും രാജ്യത്ത് അവര്‍ സുരക്ഷിതര്‍ ആയിരുന്നു എങ്കില്‍ അത് ഇന്ത്യയില്‍ ആണ്.നമ്മുടെ കേരളത്തില്‍ ആണ്.
തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരിതങ്ങള്‍ അവരുടെ കണ്ണ് തുറപ്പിക്കെണ്ടാതായിരുന്നു .
വര്‍ഷങ്ങളായി തുടരുന്ന ഇസ്രയേല്‍ -പലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്ക് ഒരു കാരണം ,ഇരുഭാഗത്തുമുള്ള തീവ്രവാദികള്‍ ആണ് .ഹമാസ് പോലുള്ളവര്‍ നടത്തുന്ന അനാവശ്യ പ്രകോപനങ്ങളും യിസ്രായേല്‍  അവയ്ക്ക് നേരെ നടത്തുന്ന  അതിര് കടന്ന പ്രതികരണങ്ങളും നിരപരാധികളുടെ ജീവനെടുക്കുന്നു.

ഇസ്ലാമിക സംസ്ക്കാരവും യൂറോപ്പ്യന്‍ രീതികളും തമ്മിലുള്ള അകലവും കാരണമാകാം.

ഒരു കാലത്ത് ഇസ്രയേല്‍ എന്ന് അറിയപെട്ടിരുന്ന പ്രദേശം ,ജൂത സമൂഹം ചിന്നി ചിതറി അകന്നശേഷം പലസ്തീന്‍ എന്നായിരുന്നു അറിയപെട്ടത്‌ .

ജൂതര്‍ പിന്നീട് തങ്ങള്‍ വാഗ്ദത്ത നാടെന്നു കരുതിയ പ്രദേശത്തു തിരിച്ചെത്തിയപ്പോള്‍ അവിടം മുഴുവന്‍ മുസ്ലിം സമൂഹം കയ്യടക്കി വെച്ചതായി കണ്ടു .

തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങള്‍ക്ക് ഒടുവില്‍ പ്രദേശത്തിന്റെ ഭൂരിഭാഗവും ജൂതസമൂഹം തിരിച്ചു പിടിച്ചു .

ഈ ഭൂതര്‍ക്കങ്ങള്‍ ,അസ്ട്ടിത്വ തര്‍ക്കങ്ങള്‍ പരിഹരിക്ക്പെടെണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

നിസ്സഹായരായ കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍ കണ്ടു മനസ്സ് മടുത്തിരിക്കുന്നു .ആര് ഇടപെട്ടാലാണ് പ്രശ്നപരിഹാരം സാധ്യമാവുക.

പുതിയ നിയമവുമായി വന്ന ദൈവപുത്രനെ പോലും തൂക്കിലേറ്റിയ ജനസമൂഹം ആര് ഇടപെട്ടാല്‍ ആണ് സമാധാനത്തിനു തയ്യാറാകുക എന്ന ചോദ്യം ബാക്കി.

യിസ്രായേലിലെ അമ്മമാര്‍ ഇറങ്ങി വരണം എന്നാണ് എനിക്ക് പറയാനുള്ളത് .അവര്‍ക്ക് മാത്രമേ പ്രശ്നപരിഹാരം സാധിക്കൂ .കാരണം ,

 ഗാസയില്‍ നിന്നുള്ള കുഞ്ഞുങ്ങളുടെ നിലവിളികള്‍ ഇസ്രായേലിലെ അമ്മമാരെങ്കിലും കേള്‍ക്കാതിരിക്കുമോ  

ഇരിക്കാനുള്ള അവകാശം

സാക്ഷരതയും സംസ്കാരവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ?

ഉണ്ടെങ്കില്‍ തന്നെ ,അവ മിക്കപ്പോഴും വിരുദ്ധദിശകളില്‍ സഞ്ചരിക്കുന്നു എന്നതാണ് അനുഭവം .

അങ്ങനെ അല്ലെങ്കില്‍ ഇക്കഴിഞ്ഞ തൊഴിലാളി ദിനത്തില്‍ കോഴിക്കോട്ടു കിട്സന്‍ കോര്‍ണറില്‍ അത്തരമൊരു സമരം വേണ്ടി വരില്ലായിരുന്നു .

എസ് എം സ്ട്രീറ്റിലെ വിവിധ വസ്ത്ര /വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് ഇരിക്കാന്‍ വേണ്ടി ഒഴിഞ്ഞ കസേരകള്‍ നിരത്തി ഇട്ടായിരുന്നു വനിതാ സംഘടനകള്‍ മെയ്‌ ദിനം ആഘോഷിച്ചത് .

അവിടുത്തെ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ,കടയില്‍ കസ്റ്റമര്‍ ഇല്ലാത്തപ്പോള്‍ പോലും ഇരിക്കാന്‍ അനുവാദമില്ല!

ജീവനക്കാര്‍ ഇരുന്നാല്‍ കച്ചവടം ഇല്ലാതായി പോകുമെന്നും അല്ലെങ്കില്‍ കച്ചവടം ഇല്ലെന്നു മറ്റുള്ളവര്‍ കരുതും എന്നും മറ്റുമുള്ള മുതലാളി മാരുടെ അന്ധവിശ്വാസം കൊണ്ടാണത്രേ ഇവര്‍ക്ക് ഇരിക്കാന്‍ കസേര ലഭിക്കാത്തത്.

ഈ പെണ്‍കുട്ടികളെ നമ്മള്‍ കണ്ടിട്ടുണ്ട് .ഷെല്‍ഫിലെ വസ്ത്രങ്ങള്‍ മുഴുവന്‍ വലിച്ചു വാരി പുറത്തു ഇടുവിച്ച ശേഷവും മുഖം തെളിയാതെ അടുത്ത കട നോക്കി പോകുന്നവരോട് പോലും മുഷിയാതെ ,

പുഞ്ചിരിയുടെ പ്രകാശം കെടാതെ നില്‍ക്കുന്ന യുവതികള്‍ . 

നഗരത്തിനു വെളിയിലെ ദിക്കുകളില്‍ നിന്നും അതിരാവിലെ ഓടി കിതച്ച് ,ബസ്സില്‍ കുത്തികയറി ഒന്‍പതു മണി കഴിഞ്ഞെത്തിയാല്‍ കേള്‍ക്കേണ്ട ചീത്തവിളിയില്‍ വേവലാതി പൂണ്ടു ….തുച്ചമായ  വേതനത്തിന് രാത്രി എഴുമണി വരെ നീളുന്ന ജോലി തിരക്കില്‍ അമരുന്ന നമ്മുടെ സഹോദരിമാര്‍ …

അതിനിടയില്‍ ഒന്നിരിക്കാന്‍ അവര്‍ക്ക് ഒഴിവില്ല എന്നതാണ് വാസ്തവം.

എങ്കിലും ഒഴിവ് കിട്ടുമ്പോള്‍ അല്ലെങ്കില്‍ കാലു കഴയ്ക്കുമ്പോള്‍ പോലും ഒന്നിരിക്കാന്‍ അവകാശം നിഷേധിക്കപെടുന്നത്‌ മനുഷ്യാവകാശ ലംഘനമാണ് .

വ്യാപാരികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തൊണ്ടകീറുന്ന നേതാക്കളുടെ സ്ഥാപനങ്ങളില്‍ പോലും സ്ഥിതി വിഭിന്ന മല്ല .ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പരിഷ്കാരത്തിന്റെ പടവുകള്‍ കയറുമ്പോഴും ചൂഷകന്റെ മനസ്സ് മാറ്റമില്ലാതെ തുടരുകയാണ് .

ഒരു കറിവേപ്പിലയെക്കാള്‍ നിസ്സാരമായി നാളെ മുതല്‍ വരേണ്ട എന്ന് പറഞ്ഞു വലിച്ചെറിഞ്ഞു കളയാം എന്നതിനാല്‍ ഇവര്‍ എല്ലാം സഹിക്കുന്നു .

കാലു വല്ലാതെ കുഴയുമ്പോള്‍ എന്തോ താഴെ വീണ മട്ടില്‍ കുനിഞ്ഞു കാലൊന്നു മടക്കി ആശ്വസിക്കുന്ന അസംഘടിതരായ പാവങ്ങളുടെ പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ നമ്മുടെ രാഷ്ട്രീയ /യുവജന സംഘടനകള്‍ക്ക് പോലും നേരമില്ല .

പ്രതിഷേധത്തിന് ശേഷം യുവജന കമ്മീഷന്‍ പ്രശ്നത്തില്‍ ഇടപെട്ടതായി അറിയുന്നു.എന്നാല്‍ ഗുണപരമായ മാറ്റങ്ങള്‍ എന്തെങ്കിലും ഉണ്ടായതായി അറിവില്ല.

ജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഇരിക്കാന്‍ വേണ്ടി സമരം ചെയ്യാന്‍ ഈ സഹോദരിമാര്‍ക്ക് പറ്റില്ല.കാരണം പിറ്റേന്ന് ജോലി കാണില്ല എന്നത് തന്നെ .

അതുകൊണ്ട് സമൂഹം ഇവരെ കാണണം ഇവര്‍ക്ക് വേണ്ടി ശബ്ധിക്കണം .പിന്തുണക്കണം 

ഇരിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം കേവലം ഇരിക്കാന്‍ വേണ്ടിയുള്ള സമരമല്ല.അത് മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരമാണ് .ശബ്ധമില്ലത്തവന് വേണ്ടിയുള്ള സമരമാണ് .ചൂഷകന്മാര്‍ക്ക് എതിരെയുള്ള സമരമാണ് .

ഈ സമരത്തിനു എന്റെ ഐക്യദാര്‍ഡ്യം 

അനാഥശാലകളിലേക്ക് ഉത്തരേന്ത്യന്‍ കുഞ്ഞുങ്ങള്‍

കേരളത്തിലെ തൊഴിലിടങ്ങളിലേക്ക് ബംഗാളികളും ബീഹാറികളും അടക്കമുള്ള  തൊഴിലാളികള്‍ എത്തുന്നത്  ഇന്ന് ഒരു വാര്‍ത്തയേ  അല്ല.

കായിക ക്ഷമത വേണ്ടതും  ,അപകടകരവും മാന്യതകുറവ് ഉള്ളതെന്ന് മലയാളി കരുതുന്നതുമായ എല്ലാ ജോലികളും കേരളത്തില്‍ ഇന്ന് ചെയ്യുന്നത് മേല്പറഞ്ഞ ഉത്തരേന്ത്യക്കാര്‍ തന്നെ.

അപ്പോഴും ഇന്ത്യയിലെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനവും കേരളം തന്നെ എന്ന് നമ്മള്‍ പറയും !

എന്തിനും ഏതിനും ബംഗാളികള്‍ വേണം എന്ന വാര്‍ത്തയ്ക്ക് ഒപ്പം പരിശോധിക്കേണ്ട ഒന്നല്ല എങ്കിലും ,മലയാളികളുടെ അനാഥ ശാലകള്‍ നിറയ്ക്കാനും ഇന്ന്  ഉത്തരേന്ത്യന്‍ കുഞ്ഞുങ്ങള്‍ വേണമെന്ന് ആയിരിക്കുന്നു 

കഴിഞ്ഞ ദിവസം പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ പോലിസ് കണ്ടെത്തിയ 590 കുട്ടികള്‍ ബംഗാള്‍ ,ബീഹാര്‍ ,ജാര്‍കണ്ട് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മലപ്പുറം ,കോഴിക്കോട് ജില്ല കളിലെ മുസ്ലിം അനാഥ ശാലകളിലേക്ക്  നയിക്കപെട്ടവര്‍ ആയിരുന്നു .ഇതില്‍ കേവലം 126പേര്‍ക്ക് മാത്രമായിരുന്നു മതിയായ രേഖകള്‍ ഉണ്ടായിരുന്നത് .

പിഞ്ചു കുഞ്ഞുങ്ങളെ  അടക്കം ട്രെയിനില്‍ കുത്തി നിറച്ചു ,ദിവസങ്ങള്‍  നീണ്ട യാത്രയ്ക്ക് ഒടുവില്‍ പാലക്കാട് എത്തുമ്പോള്‍ മിക്കവരും ക്ഷീണിച് അവശര്‍ ആയിരുന്നു .

റൊട്ടിയും വെള്ളവും മാത്രം കഴിച്ചു അവരിവിടെ മരിക്കാതെ എത്തിയെങ്കില്‍ ,അത് ജനിച്ച നാള്‍ മുതല്‍ ആ കുഞ്ഞുങ്ങള്‍ അനുഭവിച്ച പട്ടിണിയുടെ ശീലം കൊണ്ട് മാത്രമായിരിക്കും .

തികച്ചും അപരിചിതമായ ഒരു ലോകത്തേക്ക് തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളെ കയറ്റി വിടുമ്പോള്‍ ,അവരെങ്കിലും ,അറിവും വെളിച്ചവും ഉള്ള ,വിശപ്പില്ലാത്ത ലോകത്ത് ജീവിക്കട്ടെ എന്നതായിരുന്നിരിക്കും   അവരുടെ ദരിദ്രരായ മാതാപിതാക്കളുടെ ചിന്ത എന്നുറപ്പാണ് .

ആ നിസ്സഹായാവസ്ഥ തന്നെയാണ് 

ഈ കുഞ്ഞുങ്ങളുടെ തലകണക്ക് നോക്കി  ,വിദേശത്തു നിന്നും റിയാലുകളും ,ദിനാരുകളും കൈക്കലാക്കാമെന്നു  കണക്ക് കൂടുന്ന സാമുദായിക നേതാക്കള്‍ മുതലെടുക്കുന്നതും .

ആരും അറിയാതെ എത്തപെടുന്ന 

കണക്കില്‍ പെടാത്ത കുഞ്ഞുങ്ങള്‍ എവിടെ പഠിക്കുന്നു ,പഠനശേഷം അവര്‍ എങ്ങോട്ട് പോകുന്നു ,എന്നൊന്നും തിരിച്ചറിയപെടാതെ പോവുകയാണ് .

മിക്ക അനാഥാലയങ്ങളിലും കുഞ്ഞുങ്ങള്‍ കൊടിയ പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയാവുന്നു.

ഇവരില്‍ ആരെങ്കിലും തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് എത്തിചെരുന്നുണ്ടോ എന്ന് ആര് നോക്കുന്നു 

കേരളത്തിലെ അനാഥശാലകള്‍ ഓര്‍ഫനേജ് കണ്ട്രോള്‍ ബോര്‍ഡിന്‍റെ നിയന്ത്രണത്തില്‍ ആണ് എന്ന് പറയുമ്പോഴും ,ഇത്തരത്തിലുള്ള അനാഥശാലകളും ,യതീം ഖാനകളും നടത്തുന്ന പ്രമുഖര്‍ തന്നെ ആണ് ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് എന്നതാണ് വസ്തുത.

ഫലത്തില്‍ എല്ലാം വെറും പ്രഹസനങ്ങള്‍ ആകുന്നു .

മിക്ക അനാഥ ശാലകളും ന്യൂനപക്ഷങ്ങള്‍ നടത്തി വരുന്നത് കൊണ്ട് തന്നെ ആ സമുദായങ്ങളെ പിണക്കാതിരിക്കാന്‍ സര്‍ക്കാരുകളും നിയമ ലംഘനങ്ങള്‍ കണ്ടില്ല എന്ന് നടിക്കുകയാണ് .

ഇക്കാര്യത്തില്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രി ശ്രീ .രമേശ്‌ ചെന്നിത്തല പറഞ്ഞതിനോട് യോജിക്കുകയാണ് .ഈ പ്രസ്ഥാനങ്ങള്‍ക്ക് ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കണം എന്ന് യഥാര്‍ഥത്തില്‍ ആഗ്രഹം ഉണ്ട് എങ്കില്‍ അവര്‍ ആ സംസ്ഥാനങ്ങളില്‍ യതീം ഖാനകള്‍ തുറക്കുക തന്നെയാണ്  വേണ്ടത് 

ഇത് ഒരു സമുദായത്തിനെ മോശമാക്കാന്‍ ഉള്ള ശ്രമമായി ചുരുക്കാന്‍ ചില താല്‍പരകക്ഷികള്‍ ശ്രമിക്കുന്നുണ്ട് .

അവരോടു ചോദിക്കാനുള്ളത് എന്നാല്‍ എന്ത് കൊണ്ട് ജുവനൈല്‍ ജസ്റീസ് ആക്റ്റിലെ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് ബന്ധപെട്ട സംസ്ഥാനങ്ങളിലെ അനുമതി നേടി കൊണ്ട് കുഞ്ഞുങ്ങളെ കൊണ്ട് വരാന്‍ തയ്യാറാകുന്നില്ല  എന്നാണ്

.ഇങ്ങനെ കുട്ടികളെ കൊണ്ടുവരുന്ന ഇടനിലക്കാര്‍ക്ക് പണം നല്‍കുന്നത് എന്തിനാണ് 

പട്ടിണിയും ,ദാരിദ്രവും നിസ്സഹായതയും മുതലെടുത്ത്‌ കുഞ്ഞുങ്ങളെ നിയമ വിരുദ്ധമായി കൊണ്ടുവരുന്നത് മനുഷ്യകടത്ത് തന്നെയാണ്.

അത്തരം നിയമ ലംഘകരെ  സമുദായത്തിന്റെ കൊടി നിവര്‍ത്തി സംരക്ഷിച്ചു കൊണ്ട് മുന്നോട്ട് പോകാന്‍ അനുവദിക്കരുത് 

മോഡിയെ വിശ്വസിക്കാമോ ?

യോഹന്നാന്‍ സ്നാപകന്‍ കാരാഗ്രഹത്തില്‍ വെച്ച് യേശുവിനെകുറിച്ച് കേട്ട് തന്റെ ശിഷ്യന്മാരെ അവന്റെ അടുക്കലേക്ക് വിട്ടു ചോദിച്ചു :വരുവാനിരിക്കുന്ന രക്ഷകന്‍ നീയാണോ ? അതോ ഞങ്ങള്‍ മറ്റാരെയെങ്കിലും കാത്തിരിക്കണോ ?

കേന്ദ്രത്തില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ മെയ്‌ 26നു അധികാരം ഏറ്റെടുക്കാന്‍ ഒരുങ്ങവേ രാജ്യം അദ്ദേഹ ത്തോട്  ചോദിക്കുന്നതും അതാണ്‌ .

ആ രക്ഷകന്‍ നീയാണോ ?അതോ ഞങ്ങള്‍ മറ്റാരെയെങ്കിലും കാത്തിരിക്കണോ ?

അതിനു അദ്ദേഹം  തന്റെ പ്രവര്‍ത്തനം  കൊണ്ട് നല്‍കുന്ന ഉത്തരം ആയിരിക്കും ചരിത്രത്തില്‍ നരേന്ദ്രമോഡിയെ അടയാള പെടുത്തുന്നതും

അടല്‍ ബീഹാറി വാജ്പേയി അധികാരത്തില്‍ വന്ന സമയത്ത് എന്റെ ഒരു മുസ്ലിം സുഹൃത്ത് എന്നോട് പറഞ്ഞു .

പുരോഗമനപരമായ ആശയങ്ങള്‍ ആയിരുന്നു ഇവര്‍ മുന്നോട്ടു വയ്ക്കുന്നതെങ്കില്‍ നമുക്കിവരെ പിന്തുണക്കാമായിരുന്നു.നിര്‍ഭാഗ്യവശാല്‍ മതപരവും വര്‍ഗീയവും വിഭാഗീയവുമായ ഒരു അടിത്തറയില്‍ നിന്നാണല്ലോ ഇവര്‍ സംസാരിക്കുന്നത് .

ശരിയായ രീതിയില്‍ ചിന്തിച്ച ആ സുഹൃത്തിനോട് ഞാന്‍ പൂര്‍ണമായും യോജിച്ചു 

ഇപ്പോള്‍ നരേന്ദ്രമോഡി നയിക്കുന്ന ഒരു ബി ജെ പി സര്‍ക്കാര്‍ കൂടി അധികാരത്തിന്റെ വക്കില്‍ നില്‍ക്കുകയാണ് .മോഡിയെ നേതാവായി തിരെഞ്ഞെടുത്ത സെന്‍ട്രല്‍ ഹാളിലെ പാര്‍ലമെണ്ടറി പാര്‍ടി യോഗത്തില്‍ അദ്ദേഹം നടത്തിയ പുരോഗമനപരമായ ചിന്തകളെ സ്വാഗതം ചെയ്യുകയാണ് .

പുതിയ സര്‍ക്കാര്‍ സ്ഥിരതയുള്ളതായിരിക്കും എന്നതിന്റെ അടിസ്ഥാനത്തില്‍ ഓഹരി വിപണിയിലെ കുതിപ്പ് തുടരുകയാണ് .വിദേശ നിക്ഷേപ പ്രവാഹമാണ് സെന്‍സെക്സ് ,നിഫ്ടി സര്‍വകാല ഉയരങ്ങളിലേക്ക് എത്തുന്നതിനു വഴി തുറക്കുന്നത്.

രൂപയുടെ വിനിമയ മൂല്യം 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി.ഡോളറുമായി നോക്കുമ്പോള്‍ 58.59 രൂപ.

രൂപയുടെ മൂല്യം ഉയരുന്നത് ലാഭത്തെ ബാധിക്കുന്നതിനാല്‍ ഐ ടി കമ്പനി ഓഹരികള്‍ ഇടിയുന്നുണ്ട് .പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം എത്തിക്കുന്നതില്‍  ആശങ്കയുണ്ട്.

എന്നിരുന്നാലും സാമ്പത്തികരംഗത്ത് ഉണര്‍വ് വന്നിരിക്കുന്നു .

കുറച്ചു വര്‍ഷങ്ങള്‍ ആയി ജനം നിരാശയില്‍ ആയിരുന്നു .

പുതിയ സര്‍ക്കാരില്‍ ,പ്രതേകിച്ചു നരേന്ദ്രമോഡി വലിയ വികസനം കൊണ്ടുവരും എന്ന പ്രത്യാശ നിറയുന്നുണ്ട്‌  .

സര്‍ക്കാര്‍ ഇനിയും അധികാരം ഏറ്റെടുത്തിട്ടില്ല.അതിന്റെ നയം വ്യക്തമാകിയിട്ടില്ല.

എങ്കിലും നരേന്ദ്രമോധിയില്‍ പലരും ഒരു രക്ഷകനെ കാണുന്നു.

നരേന്ദ്രമോധി ഒരു രാഷ്ട്രീയക്കാരനാണ് .അതിലുമുപരി സംഘപരിവാര്‍ അജെന്ടയില്‍ നിന്നാണ് അദേഹത്തിന് പ്രവര്‍ത്തികേണ്ടിയിരിക്കുന്നത്.ഗുജറാത്തിന്റെ കൊട്ടി ഘോഷിക്കുന്ന വികസനത്തിന് അപ്പുറത്ത് അവിടെ നടന്ന കുപ്രസിദ്ധമായ ഒരു വംശഹത്യയുടെ  പാപക്കറ അദ്ദേഹത്തെ പിന്തുടരുന്നുണ്ട് .

അതോടോപ്പമാണ്  വലിയ പ്രതീക്ഷയുടെ ഭാണ്ഡം അദ്ദേഹത്തിന്റെ ചുമലില്‍ എല്പ്പിക്കപെടുന്നത് 

അമേരിക്കന്‍ പ്രസിഡണ്ട്‌ ആയി ബരാക് ഒബാമ അധികാരത്തില്‍ വരുമ്പോള്‍ ,ഇതുപോലൊരു പ്രതീക്ഷാ ഭാരം അദ്ദേഹത്തിനും ചുമന്നിരുന്നു 

പ്രവര്‍ത്തിക്കാന്‍ തുടങ്ങും മുന്‍പേ സമാധാനത്തിനു നോബല്‍ സമ്മാനവും നല്‍കി !

ലോകത്തിനു ,അല്ലെങ്കില്‍ സ്വന്തം ജനതയ്ക്ക് പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ ഒബാമയ്ക്ക് കഴിഞ്ഞതായി എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.(അല്ലെങ്കില്‍ ലോകജനതയ്ക്ക് ദോഷകരമായി ഒന്നും ചെയ്തില്ല എന്നതായിരിക്കും ഒബാമയുടെ സംഭാവന )

വെറും വാചകകസര്‍ത്തുകള്‍ നടത്തി ഏറെകാലം മോഡിക്ക് എന്നല്ല ,ഒരു ഭരണാധികാരിക്കും മുന്നോട്ട് പോകാന്‍ കഴിയില്ല .എന്നാല്‍ മുന്നില്‍ തടസങ്ങള്‍ വരുമ്പോള്‍ ,ജനപ്രീതി ഇടിയുമ്പോള്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുക എന്നതാണ് മോഡിയുടെ രീതി.

തങ്ങളുടെ വര്‍ഗീയ നിലപാടുകള്‍ നടപ്പാക്കുക എന്നതിന് അപ്പുറം മറ്റു രാജ്യ താല്പര്യങ്ങള്‍ സംഘപരിവാറിനു ഉണ്ടാകില്ല.

ക്യാമറയ്ക്ക് മുന്നിലെ മുട്ടുകുത്തലും കരച്ചിലും പോലുള്ള നാടകങ്ങള്‍ അല്ല 

പുരോഗമനപരവും ധീരവും ദരിദ്രന്മാര്‍ക്ക് വേണ്ടിയുള്ള നയവും സമീപനവും ഞങള്‍ പ്രതീക്ഷിക്കുന്നു .

അതിനെ  മറയില്ലാതെ പിന്തുണയ്ക്കും .വര്‍ഗീയ വിഭജന തന്ത്രങ്ങളെ അവസാനം വരെ എതിര്‍ക്കും 

തന്നെ വിശ്വസിക്കാം എന്ന് ലോകത്തിനു മുന്നില്‍ തെളിയിക്കേണ്ടതു മോഡിയുടെ മാത്രം ആവശ്യമാണ്‌ .

അതിനു സാധിച്ചാല്‍ ലോകത്തിനു മുന്നില്‍ എണ്ണപെട്ട രാജ്യതന്ത്രന്ജന്‍ ആയി സ്വയം പ്രതിഷ്ടിക്കാനുള്ള അസുലഭ അവസരം കൈവരും .അല്ലെങ്കില്‍ തന്റെ മുന്‍ഗാമിയെ പോലെ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് മടങ്ങാം